Monday, March 19, 2012

ഈശ്വരന്റെ മതം


മതമില്ലാതെ ജീവിച്ചാല്‍ എന്താണ് കുഴപ്പം..ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ഒരുപാട് തവണ ചോദിച്ചു. എന്നോട് മാത്രമല്ല ചുറ്റുമുള്ള പലരോടും. പലപ്പോഴും അവരില്‍ നിന്ന് കിട്ടിയ മറുപടി എന്നെ അമ്പരപ്പിച്ചു . ഈ സമൂഹത്തില്‍ ജീവിച്ചു പോകണം എങ്കില്‍ സമൂഹത്തെ പിന്തുടര്‍ന്നെ ഒക്കുകയുല്ലു എന്നു ഓരോരുത്തരും എന്നോട് പറഞ്ഞു ..ചിലര്‍ക്ക് മതം ഈശ്വരന്‍ കല്പിച്ചു തന്ന ജീവിത രീതിയായിരുന്നു. അത് തെറ്റി നടന്നാല്‍ കാത്തു വച്ചിരിക്കുന്ന നരകയാതനയുടെ ഓര്‍മ്മപ്പെടുത്തല്‍...,. മറ്റു ചിലര്‍ക്ക് ജോലി ലഭിക്കാനും നല്ല വിദ്യാലയങ്ങളില്‍ പഠിക്കാനും ജന്മനാ ലഭിച്ച അവകാശ പ്രഘ്യാപന രേഖ. വേറെ ചിലര്‍ക്ക് അത് മനസുകളെ മുറിച്ചു മാറ്റി അധികാരം പണിയാന്‍ ലഭിച്ച മൂര്‍ച്ചയേറിയ ആയുധമായിരുന്നു.. മതം എന്റെ ആകാശത്ത് ഇരുണ്ട കറുത്ത മേഘമായി എനിക്ക് പിടി തരാതെ അങ്ങനെ നിറഞ്ഞു നിന്നു

മതമില്ലാത്ത ജീവനെ പാഠപുസ്തകങ്ങളില്‍ നിന്ന് ആട്ടിപ്പായിച്ചത് കണ്ടപ്പോളും ഞാന്‍ അമ്പരന്നു. മതം എന്റെ പുറകില്‍ ഭാണ്ടാക്കെട്ടായി ഞാന്‍ കരുതേണ്ട ഒന്നാണ് എന്ന് മനസ്സില്‍ കോറിയിടാന്‍ ശീലിച്ചു കൊണ്ട് വീണ്ടും നടന്നു നീങ്ങി. അപ്പോളും എന്റെ സംശയം മതവും ഈശ്വരനും തമ്മിലെന്താണ് ബന്ധം എന്നായിരുന്നു. രണ്ടും കൂടി എന്നെ ചുറ്റി പിടിച്ചു ശ്വാസം മുട്ടിച്ചു
പല മുഖങ്ങള്‍, പരസ്പരം ഞാനാണ് ശരി എന്ന് വാദിക്കുന്നവ എന്റെ മുന്നിലൂടെ ഇഴഞ്ഞു പോയി . മതമില്ലാതെ ഒരു ഈശ്വരന്‍ ഉണ്ടാകുമോ അങ്ങനെ ഒരു ഈശ്വരനെ പഠിക്കാന്‍ സ്നേഹിക്കാന്‍ ഞാന്‍ കൊതിച്ചു . എന്റെ മനസ്സില്‍ കറുത്ത തുനിക്കെട്ടില്‍ ഞാന്‍ എന്റെ ആഗ്രഹങ്ങളെ കെട്ടി വച്ചു..

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നോതിയ ഗുരുവിനു സ്വന്തമായി ജാതിയുണ്ടായിരുന്നു എന്ന് ഞാന്‍ പഠിച്ചു. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുദേവന് പള്ളികളുടെ ഭരണം ആര് കയ്യാലനമെന്ന കാര്യത്തില്‍ ശന്കയുന്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഒരു മനുഷ്യനെ ഹിമ്സിക്കുന്നവന്‍ മനുഷ്യ കുല ത്തെ മുഴുവന്‍ നശിപ്പിക്കുന്നു എന്ന് പഠിപ്പിച്ച പ്രവാചകന്റെ വാക്കുകള്‍ നെഞ്ചോടു ചേര്‍ത്ത് വിശുദ്ധ യുദ്ധം നടത്താന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവരെയും ഞാന്‍ കണ്ടു. അപ്പോളും എന്റെ ചോദ്യങ്ങള്‍ കറുത്ത തുനിക്കെട്ടില്‍ ഞാന്‍ പൊതിഞ്ഞു സൂക്ഷിച്ചു.

മതത്തിന്റെ മതിലുകള്‍ക്കകത്ത് വീണ്ടും പണിഞ്ഞ മതിലുകളെ വെട്ടിയുടച്ച മഹാത്മാക്കളുടെ എണ്ണച്ചായ ചിത്രങ്ങള്‍ക്ക് കീഴെ നിന്ന് ഞാന്‍ എന്റെ ജാതി കലാലയ പ്രവേശന പത്രികയില്‍ പൂരിപ്പിച്ചു . പരീക്ഷ പാസാവാന്‍ ,കാമുകിയെ വീഴ്ത്താന്‍ മെഴുകുതിരി കത്തിക്കുന്ന, വെടി വഴിപാടു നടത്തുന്ന സഹപാഠികളെ കണ്ടു ഞാന്‍ അന്ന് അമ്പരന്നില്ല . സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമായിരിക്കില്ല ചിലപ്പോള്‍ കൈക്കൂലിക്കാര്‍ എന്ന് എനിക്ക് മനസിലായി ... പഴയ കറുത്ത തുനിക്കെട്ടു ഞാന്‍ പതുക്കെ കൂട്ടി എടുത്തു എരിച്ചു കളഞ്ഞു ..

അവന്‍ മുടിഞ്ഞു പോകണേ എന്ന് ഉറക്കെ പ്രാര്‍ഥിച്ചു ശത്രു സംഹാര പുഷ്പാഞ്ജലി എന്റെ സുഹൃത്ത്‌ കയ്യില്‍ മേടിച്ചു. . ഈശ്വരന്‍ കൊട്ടേഷന്‍ കൂടി എടുക്കുന്നുണ്ട് എന്ന് ഞാന്‍ മനസിലാക്കി .. എന്റെ കയ്യിലെ നാണയ തുട്ടുകള്‍ സ്വര്‍ണം പൊതിഞ്ഞ ഭാണ്ടാരത്ത്തില്‍ ഞാന്‍ നിക്ഷേപിച്ചു. ഇനി അവന്‍ മുടിഞ്ഞു പോകാന്‍ പ്രാര്ധിച്ചത് എന്നെ ഉദ്ദേശിച്ചു ആണെങ്കിലോ. ആ ഭണ്ഡാരത്തില്‍ അഭിനവ്‌ റെഡ്ഢിഎന്ന് ചാപ്പ കുത്തിയിരുന്നു . സ്വര്‍ണം കൊണ്ട് ഈശ്വരനെ പൊതിഞ്ഞു കെട്ടിയവന്‍. തന്‍റെ പേര് ഈശ്വരന്‍ മറന്നു പോകാതിരിക്കാന്‍ ചെയ്തതാകും.. ഇതൊക്കെ ഉള്ളപ്പോള്‍ എന്റെ നാണയത്തുട്ടുകള്‍ക്ക് എന്ത് വില ? അടുത്ത തവണ സ്വര്‍ണം തന്നെ കൊണ്ട് വരണം എന്ന് നിശ്ചയിച്ചു അമ്പലത്തിന്റെ പടികള്‍ ഇറങ്ങി .

വിവാഹ ദിവസം നിശ്ചയിച്ചത് ആകാശത്ത് നില്‍ക്കുന്ന കുറെ ഗ്രഹങ്ങള്‍ ആയിരുന്നു. അതിന്റെ വിദ്യുത് കാന്തിക മണ്ഡലം എനിക്ക് സത്സന്താനങ്ങളെ തരും എന്ന കാര്യത്തില്‍ അന്ന് എനിക്ക് യാതൊരു ശങ്കയും ഇല്ലായിരുന്നു .ഞാന്‍ പഠിച്ച ഇലക്ട്രോണിക്സിനെ പുച്ച്ചിച്ചു ധനാകര്‍ഷണ മഗ്നെറ്റ്‌ ഞാന്‍ കയ്യില്‍ കോര്‍ത്ത്‌ കെട്ടി. ജീവിതത്തില്‍ ഏറ്റവും ആവശ്യം ധന സ്ഥിരത ആണല്ലോ ...

ഇന്ന് എന്നെ ക്രുധനാക്കുന്നത് ഗ്രഹങ്ങള്‍ എനിക്ക് കനിഞ്ഞു തന്ന കനിഷ്ഠ പുത്രന്റെ ചോദ്യങ്ങള്‍ ആണ്. അവനു ഈശ്വരന്റെ ജാതിയും മതവും അറിയണം അത്രേ. എത്ര പറഞ്ഞിട്ടും അവന്‍ വിശ്വസിക്കുന്നില്ല. അയല്‍വീടിലെ ഈശ്വരന് വേറെ ജാതി ആണ് എന്ന് അവന്റെ ആത്മാര്‍ഥ സുഹൃത്ത്‌ ആണയിടുന്നു പോലും
അടുത്ത വീട്ടിലെ എന്റെ മണ്ടന്‍ സുഹൃത്തിന് അവന്റെ മകന് ബോധാമുണ്ടാകാന്‍വേണ്ടി ഒരു ഹോമം നടത്തണം..ഫലമുണ്ടാകാതിരിക്കുകയില്ല.


5 comments:

Unknown said...

super...

Nanditha said...
This comment has been removed by the author.
Ajith said...

നന്ദി സൂരജ്‌

Arjun said...
This comment has been removed by the author.
Unknown said...

ജ്ഞാനത്തിനായ് കൂമ്പി നില്ക്കുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യേമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം