Tuesday, January 31, 2012

കൃഷ്ണ വിലാപം

എന്റെ ശരീരം  മുറിച്ചു 
ഒഴുകുന്ന  രക്തത്തില്‍
നിന്റെ പേര് ഞാന്‍ കുരിചിട്ടുണ്ടാകും 
അതിനു നിശഗന്ധിയുടെ ഗന്ധവും 
രാത്രിയുടെ കറുപ്പും കാണും 
മഴ പെയ്യുന്ന രാത്രിയില്‍ 
വെള്ളത്തിലലിഞ്ഞു 
നിന്നിലെക്കൊഴുകിയെത്താന്‍ കൊതിക്കുന്ന ചെമ്പനീര്‍  പൂക്കള്‍ 
നിലത്ത് മുറിഞ്ഞു വീണ ഹൃദയത്തോട് 
നീ അന്ന് യാത്ര പറയുക 
എന്റെ മേല്‍ പുതയ്ക്കാന്‍ ഒരു 
ചെമ്പട്ട് കരുതുക 
കയ്യില്‍   ഒരു പിടി മുല്ലപ്പൂക്കളും 
കാട്ട് ചെമ്പകവും  ഒരു മയില്‍ പീലി യും 
അജ്ഞാത വേടന്റെ അമ്പു ഏറ്റു
പിടഞ്ഞപ്പോള്‍  ശ്വാസം നിറച്ചു
ഞാന്‍ കാത്തു വച്ച വേണു 
 അരികില്‍ നിനക്കായി പാടുന്നുണ്ട് 
നീ വരാതെ എനിക്ക് പോകാനാവില്ല 
വരാതിരിക്കരുത് .... 

നിന്റെ പിന്‍ വിളിക്ക് കാതോര്‍ത്തു 
നീ പുതച്ച പകലിനെ  രാത്രിയില്‍ 
ചേര്‍ത്ത് പിടിച്ചു ഞാന്‍ മധുരയിലേക്ക് 
പോയത് നീ ഓര്‍ക്കുന്നുണ്ടോ 
എന്റെ കണ്ണിലും ഹൃത്ത്തിലും തീ നിറച്ചു തന്നു 
യാത്ര മൊഴി പറയാതെ നീ മറഞ്ഞു നിന്നത് 
എന്റെ കണ്ണിലെ പ്രണയം നോകി 
നീ  അകലെ നിന്ന് ചിരിച്ചത് 

കടലിന്റെ നടുവില്‍ എന്റെ ദ്വാരക 
അലിഞ്ഞു ചേരുന്നത് എനിക്ക് കാണാം 
അകലെ എവിടെയോ എന്റെ പ്രണയത്തെ 
ദുഷിച്ചു പാടുന്ന പാട്ടുകള്‍ കേള്‍ക്കാം 
അപ്പോളും നിന്നെ ഞാന്‍ കാത്തിരിക്കും 
യാദവ വിദൂഷകന്‍ നാളെ ചതിയനാകട്ടെ  
നീ പ്രണയം പനിച്ച പകലിനും രാവിനും 
കൂട്ടിരുന്ന രാധയും 
എങ്കിലും നീ വരാതിരിക്കരുത് 
നീ വരാതെ എനിക്ക് പോകാനാവില്ല 






 



 
 

Monday, January 30, 2012

അച്ഛനും മകളും

ഇത് ഒരു ഓര്‍മയാണ് ഒരു അച്ഛനും മകളും ബാകി വച്ച ഒരു ഓര്മ  .. ഇതിവിടെ എഴുതണം എന്ന് തോന്നി 

എന്റെ മുന്നില്‍ കൈ കൂപ്പി നിന്ന ഒരച്ഛനും മകളും . എന്റെ കൈകളെ കുറെ നേരം ചേര്‍ത്ത് പിടിച്ചു അയാള്‍ ചിരിച്ചു പിന്നെ നന്ദി പറഞ്ഞു. ഏഴോ എട്ടോ വയസു പ്രായം കാണും ആ കുട്ടിക്ക്. അവളുടെ തലയില്‍ പറ്റി ചേര്‍ന്ന് ഒരു മഞ്ഞ നിറമുള്ള തട്ടം. അത് ഒരു പക്ഷെ കാന്‍സര്‍ മുറിച്ചു കളഞ്ഞ അവളുടെ കര്കൂന്തലിനെ മറക്കാന്‍ അവള്‍ തന്നെ ചേര്‍ത്തിട്ട ഒരു മൂട് പടമാകാം.

 കാണാത്ത കേള്‍ക്കാത്ത കുറെ സുഹൃത്തുക്കള്‍ ഒത്തുകൂടുന്നു. ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത് ആദ്യമായാണ്. പ്രലോഭിപിക്കുന്ന ആധുനികത ചുറ്റി വരിഞ്ഞ കോര്പരെടു ജീവിതം ബാകി വച്ചത് ജീവിക്കാന്‍ മറന്ന ഒരു പാട് വര്‍ഷങ്ങള്‍ ആണ് എന്നാ തിരിച്ചറിവും ആദ്യമായാണ്. ആശയങ്ങള്‍ പങ്കു വയ്ക പെടുമ്പോള്‍ അവയ്ക്ക് ഓജസ്സും ശക്തിയും കൈവരുന്നു. അത് നീണ്ടു വളര്‍ന്നു വട വൃക്ഷമായി തണല്‍ നല്‍കുന്നു . അങ്ങനെ ഒരു തണല്‍ മരം ഇവിടെ വളര്‍ന്നു തുടങ്ങിയിരിക്കുന്നു  . ജീവിക്കാന്‍ ആഗ്രഹിച്ചാലും ജീവിക്കാന്‍ കഴിയാതെ പോകുന്ന കുറെ മനുഷ്യര്‍ക്ക്‌ വേണ്ടി ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മറന്നു പോയ ഞാന്‍ ഇവിടെ എത്തി ചേര്‍ന്നത്‌ എങ്ങനെ എന്ന് ആലോചിക്കുമ്പോള്‍ അറിയാതെ ഞാന്‍ വിശ്വസിച്ചു പോകുന്നു എവിടെയോ ഒരു ശക്തി ഉണ്ടെന്നു, നാമറിയാതെ നമ്മളെ നയിക്കുന്ന ഒരാള്‍ 

സോഷ്യല്‍ നെട്വോര്‍കിംഗ് സൈറ്റുകളില്‍ മുഖമോളിപ്പിച്ചു പ്രവാസത്തിന്റെ വിരസത കുഴിച്ചു മൂടിയപ്പോള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇത് പോലെ ഒന്ന് സംഭവിക്കും എന്ന് . ആ അച്ഛനെയും മകളെയും കാണുന്നത് പരിപാടി എല്ലാം കഴിഞ്ഞാണ്. അവളുടെ കണ്ണുകളില്‍ കൌതുകം നിറഞ്ഞു നിന്നിരുന്നു. "കൊച്ചിയില്‍ നിന്നാണല്ലേ" അച്ഛന്‍ ചോദിച്ചു . ഒരു ചിരി മുഖത്ത് ചേര്‍ത്ത് പിടിപ്പിച്ചു ഞാന്‍ അതെ എന്ന് തലയാട്ടി. "ഞങ്ങളും കൊച്ചി ക്കാരാ " ആ കുഞ്ഞു മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി ഇന്നും മനസ്സില്‍ നിന്ന് മായുന്നില്ല.   ആ നിമിഷം എനിക്ക് മറക്കാന്‍ കഴിയുന്നില്ല. ആ ചിരി ഇന്നും എന്റെ മുന്നില്‍ ഉണ്ട്.. 

ഓരോ ചെറിയാ കാര്യത്തിനും എന്നോട് എന്തിനു ഇങ്ങനെ ചെയ്തു എന്ന് ഈശ്വരനെ കുറ്റ പെടുത്താരുണ്ട് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ നാളെ ജീവിച്ചിരിക്കുമോ എന്നറിയാതെ ജീവിക്കുന്ന, ഈശ്വരന്‍ വഴിയരികില്‍ കാത്തു വയ്ക്കുന്ന ചുമടിന്റെന്റെ ഭാരം താങ്ങാനാകാതെ വീണു പോകുന്ന ഇത് പോലെ എത്ര പേര്‍.....,.. കണ്ടിട്ടും കാണാതെ നടക്കാന്‍ നമ്മള്‍ ഓരോരുത്തരും ഓരോ നിമിഷവും ശീലിച്ചു കൊണ്ടിരിക്കുകയാണ് ,.. വഴി മാറി നടക്കുന്നവനെ നമ്മള്‍ പരിഹസിക്കും അവനു ഭ്രാന്താണ് എന്ന് പറഞ്ഞു ആള്‍ക്കൂട്ടത്തില്‍ അവനെ നോക്കി ചിരിക്കും. അതിനു ശേഷം പുതിയതായി ഇറങ്ങിയ മോസ്റ്റ്‌ മോഡേണ്‍ മൊബൈല്‍ ഫോണിനെ കുറിച്ചോ ഇന്ന് പോകേണ്ട പബ്ബില്‍ കാനാനിടയുള്ള തരുണീ മണികളെ കുറിച്ചോ അതുമല്ലെങ്കില്‍ സിനിമ നടിമാരുടെ പുതിയ പ്രണയത്തെ കുറിച്ചോ സമസാരിക്കും . 

ഹൃദയം സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഞാന്‍ കണ്ടു ആ കുട്ടി യില്‍ അവളുടെ അച്ഛനില്‍ അത് പോലെ അവിടെ കൂടി നിന്ന ഒരുപാട് പേരില്‍. അവരുടെ മൌനത്തില്‍ ഒളിച്ചിരിക്കുന്ന വാചാലത, അത് മനസ്സില്‍ നിറച്ചു തരുന്ന പേരറിയാത്ത എന്തൊക്കെയോ വിചാര വികാരങ്ങള്‍. ,.. അതറിയണമെങ്കില്‍ അത് കണ്ടു അനുഭവിച്ചു  തന്നെ അറിയണം വാക്കുകളില്ലതെയും ചിലപ്പോള്‍ സംസാരിക്കാന്‍ കഴിയുമായിരിക്കും...