Thursday, February 16, 2012

പകലും രാത്രിയും

രാത്രിയുടെ വേര് പകലില്‍ പുതഞ്ഞു നില്‍ക്കുന്നു
പടം പൊഴിക്കുന്ന പാമ്പിനെ പോലെ
ഇടയ്ക്കിടെ നക്ഷത്രങ്ങളെ  നോക്കി
പറക്കാന്‍ ശ്രമിക്കും
മഴത്തുള്ളികളില്‍ തൂങ്ങി നിന്ന്
നൃത്തം ചവിട്ടും
കാല്‍ ചിലമ്പുകള്‍ ആഞ്ഞു കിലുക്കി
ശബ്ദമുണ്ടാക്കും

ഓരോ തവണയും ഉയര്‍ന്നു പൊങ്ങുന്നത്
ഒരു രക്ഷപെടലാണ്
സ്വപനം കാണിച്ചു തന്നു കൊതിപ്പിച്ച
താരകങ്ങളെ നീല പട്ടു കൊണ്ട്
മൂടി കെട്ടി പച്ചപ്പിനെ കാണിച്ചു
പുഴയെ കാണിച്ചു
ചേര്‍ത്ത് പിടിച്ചു നിര്‍ത്തിയ
പകലില്‍ നിന്നുള്ള ഒളിച്ചോട്ടം

ഓരോ തവണയും നക്ഷത്രങ്ങളെ
ആഞ്ഞു പിടിക്കാന്‍ ശ്രമിച്ചു
ചിന്നി ചിതറി താഴെ വീഴും
വീണ്ടും പകലിന്റെ മാറില്‍ അമര്‍ന്നു
ആരോടും മിണ്ടാതെ ഒളിച്ചിരിക്കും

ഓരോ പകലിലും ഒരു രാത്രി
ഒളിച്ചിരിക്കുന്നുണ്ട്
ചുകന്ന പട്ടുടുത്തു ഒളിച്ചോടാന്‍ വെമ്പുന്ന
ഒരു രാത്രി
ഈ വേര് എങ്ങിനെയാനൊന്നു മുറിച്ചു കളയുക ?
മുറിച്ചു മാറ്റിയ പകലിനെ
നോക്കിച്ചിരിച്ചു നക്ഷത്രങ്ങളെ മാറോടടുക്കി
നില്‍ക്കുന്ന രാത്രിയെ ഞാന്‍ സ്വപ്നം കാണുന്നു !!