Saturday, March 3, 2012

മനുഷ്യന്‍

എന്റെ ചുറ്റും ഇരുട്ട് പുതച്ച പകല്‍
ഹൃദയം തിന്നു തീര്‍ത്ത കാമുകി
കണ്ണുനീരിനെ നോക്കി ചിരിക്കുന്ന സുഹൃത്ത്‌
വിയര്‍പ്പ് പിഴിഞ്ഞ് കളഞ്ഞു രക്തം തുടക്കാന്‍
എടുത്ത തോര്‍ത്ത്‌ മുണ്ടിന് പിടിവലി കൂടുന്ന സഹപ്രവര്‍ത്തകന്‍
ഞാന്‍ മാറി പോയിരിക്കുന്നു
ഇന്ന് ഞാന്‍ ചിരിക്കാറില്ല
ഓടിതീര്‍ക്കാന്‍ ദൂരം ഏറെ
കാണാതെ കാണാന്‍ കാഴ്ചകള്‍ ബാക്കി
ലോകം മാറി പോകുന്നത് എത്ര പെട്ടെന്നാണ്

ഇവിടെ കാറ്റ്  വീശിയിരുന്നു  തണുത്ത നനുത്ത കാറ്റ്
നിലാവുള്ള രാത്രികളില്‍
നക്ഷത്രങ്ങള്‍ എണ്ണികൂടെ കൈ കോര്‍ത്ത്‌ കിടന്ന കാമുകി
ഓര്‍മകള്‍ കൊണ്ട്  സുഗന്ധം നിറച്ചു
ഇടവഴികളില്‍ കൂടെ നടന്ന സൌഹൃദങ്ങള്‍

ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ്
ജീവനില്ലത്ത നക്ഷത്രങ്ങള്‍ ആണ് രാത്രിയില്‍
ഒറ്റ രാത്രിയില്‍ പൂത്തു  കൊഴിഞ്ഞു വീഴുന്ന  നിശഗന്ധികലാണ്
എനിക്കിന്ന് കൂട്ട്
ഓടിത്തീര്‍ത്ത വഴികള്‍ മറക്കാന്‍ ശീലിച്ചു
ബാല്യം വേര്‍പെട്ട ഓര്‍മ്മകള്‍ മുറിച്ചു കളഞ്ഞു
വെറുക്കാനും വേരുപ്പിക്കാനും പഠിച്ചു
ഞാന്‍ ഇന്ന് മനുഷ്യനായി ..







Saturday, February 25, 2012

ആധുനികന്‍


കാവിലെ പാലമരം ഞാന്‍  മുറിച്ചു കളഞ്ഞു
വളഞ്ഞു പുളഞ്ഞു വളര്‍ന്ന ഒന്ന്
നിറയെ പൂക്കലുണ്ടാകുമായിരുന്നു
ഓര്‍മ്മകള്‍ നിറച്ചു വച്ച പൂക്കള്‍
യക്ഷി പാല ആയിരുന്നത്രേ
 യക്ഷിക്കു പാര്‍ക്കാന്‍
കൊണ്ക്രീറ്റ്‌ മാളിക പണിതു  കൊടുത്തു
യക്ഷിക്കു സന്തോഷമായി

മഷിത്തണ്ട് വളര്‍ന്നു നിന്ന ചെങ്കല്‍ കൂട്ടങ്ങളെ
പിഴുതെരിനു വില്ല പണിഞ്ഞു
സ്ലേറ്റ് കാണാത്ത ബാല്യങ്ങള്‍ക്ക്
മഷിത്തണ്ട് ആവശ്യമില്ലത്രേ

സര്‍പ്പക്കാട്‌ തീയിട്ടു
പുല്‍ത്തകിടി പിടിപ്പിക്കണം
ആന്തൂറിയവും ഓര്‍ക്കിടും നടണം
കാട്ടു ചെത്തിക്ക്
പൂ മാര്‍ക്കെറ്റില്‍ വില യില്ല

ആകാശം  മുട്ടുന്ന ആല്‍മരം പിഴുതെടുത്ത്
ചെറിയ ചട്ടിയില്‍ നടണം
മരത്തില്‍ ഒട്ടിയ ആകാശം കയ്യിലിട്ട് ഞെരിക്കണം

മുറിച്ചു കളഞ്ഞ ഓര്‍മകളില്‍ തല വച്ച്
അതൊരു കാലം എന്ന് നെടുവീര്‍പ്പിടനം
ഇപ്പോള്‍ ഞാന്‍ ആധുനികനാണ്




























Thursday, February 16, 2012

പകലും രാത്രിയും

രാത്രിയുടെ വേര് പകലില്‍ പുതഞ്ഞു നില്‍ക്കുന്നു
പടം പൊഴിക്കുന്ന പാമ്പിനെ പോലെ
ഇടയ്ക്കിടെ നക്ഷത്രങ്ങളെ  നോക്കി
പറക്കാന്‍ ശ്രമിക്കും
മഴത്തുള്ളികളില്‍ തൂങ്ങി നിന്ന്
നൃത്തം ചവിട്ടും
കാല്‍ ചിലമ്പുകള്‍ ആഞ്ഞു കിലുക്കി
ശബ്ദമുണ്ടാക്കും

ഓരോ തവണയും ഉയര്‍ന്നു പൊങ്ങുന്നത്
ഒരു രക്ഷപെടലാണ്
സ്വപനം കാണിച്ചു തന്നു കൊതിപ്പിച്ച
താരകങ്ങളെ നീല പട്ടു കൊണ്ട്
മൂടി കെട്ടി പച്ചപ്പിനെ കാണിച്ചു
പുഴയെ കാണിച്ചു
ചേര്‍ത്ത് പിടിച്ചു നിര്‍ത്തിയ
പകലില്‍ നിന്നുള്ള ഒളിച്ചോട്ടം

ഓരോ തവണയും നക്ഷത്രങ്ങളെ
ആഞ്ഞു പിടിക്കാന്‍ ശ്രമിച്ചു
ചിന്നി ചിതറി താഴെ വീഴും
വീണ്ടും പകലിന്റെ മാറില്‍ അമര്‍ന്നു
ആരോടും മിണ്ടാതെ ഒളിച്ചിരിക്കും

ഓരോ പകലിലും ഒരു രാത്രി
ഒളിച്ചിരിക്കുന്നുണ്ട്
ചുകന്ന പട്ടുടുത്തു ഒളിച്ചോടാന്‍ വെമ്പുന്ന
ഒരു രാത്രി
ഈ വേര് എങ്ങിനെയാനൊന്നു മുറിച്ചു കളയുക ?
മുറിച്ചു മാറ്റിയ പകലിനെ
നോക്കിച്ചിരിച്ചു നക്ഷത്രങ്ങളെ മാറോടടുക്കി
നില്‍ക്കുന്ന രാത്രിയെ ഞാന്‍ സ്വപ്നം കാണുന്നു !!


Tuesday, February 7, 2012

മരണം

ഇരുട്ട് പുതചെത്തുന്ന മരണത്തെ ഞാന്‍
പ്രണയിക്കുന്നു
ഒച്ചയുണ്ടാക്കാതെ കണ്ണടച്ച് കറുപ്പിച്ച
പകലിനെ കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചു
പുറകെ വന്നു നിന്ന് ഞാന്‍ കാണാതെ
എന്നെ ചുറ്റി പിടിക്കുന്ന മരണം
ഉറങ്ങുന്ന മനസ്സില്‍ വെള്ളാരം കല്ലുകള്‍
പെറുക്കി എറിഞ്ഞു ഓളങ്ങള്‍ നിര്മിക്കുന്നവള്‍
നീ മരണവും ഞാന്‍ ജീവനും ആയിരുന്നു
എന്റെ ജീവനെ ഞാന്‍ നിനക്ക് പകര്‍ന്നു നല്‍കി
ഇപ്പോള്‍ ഞാനും മൃതി മാത്രമാണ്
എന്റെ ഓളങ്ങള്‍ നിലച്ച ജലാശയത്തില്‍
നിന്റെ കവിതകള്‍ പൊതിഞ്ഞു
കടലാസ് വഞ്ചികള്‍ ഒഴുക്കി വിടുക
അത് നിന്റെ പ്രിയതമനിലേക്ക്
ഒഴുകുന്ന പ്രണയ ലെഘനങ്ങലാവട്ടെ
നിനക്ക് ജീവനെ പകര്‍ന്നു
ഞാന്‍ നിന്നിലേക്ക് അഴ്ന്നിറങ്ങുന്നു
ഒച്ചയുണ്ടാക്കാതെ എന്നെ നീ ചേര്‍ത്ത് പിടിക്കുക
നീ കേള്‍ക്കാത്ത എന്റെ ശബ്ദം
ഇന്ന് നിന്നിലേക്ക് ലയിക്കുന്നു
ഞാന്‍ നീയും നീ ഞാനുമായി മാറുന്നു
വീണ്ടും ഒരിക്കല്‍ കൂടി ഇത് വഴി വരിക
നിനക്ക് ജീവന്‍ പകര്‍ന്ന അസ്ഥിമാടതിലേക്ക് ...


Tuesday, January 31, 2012

കൃഷ്ണ വിലാപം

എന്റെ ശരീരം  മുറിച്ചു 
ഒഴുകുന്ന  രക്തത്തില്‍
നിന്റെ പേര് ഞാന്‍ കുരിചിട്ടുണ്ടാകും 
അതിനു നിശഗന്ധിയുടെ ഗന്ധവും 
രാത്രിയുടെ കറുപ്പും കാണും 
മഴ പെയ്യുന്ന രാത്രിയില്‍ 
വെള്ളത്തിലലിഞ്ഞു 
നിന്നിലെക്കൊഴുകിയെത്താന്‍ കൊതിക്കുന്ന ചെമ്പനീര്‍  പൂക്കള്‍ 
നിലത്ത് മുറിഞ്ഞു വീണ ഹൃദയത്തോട് 
നീ അന്ന് യാത്ര പറയുക 
എന്റെ മേല്‍ പുതയ്ക്കാന്‍ ഒരു 
ചെമ്പട്ട് കരുതുക 
കയ്യില്‍   ഒരു പിടി മുല്ലപ്പൂക്കളും 
കാട്ട് ചെമ്പകവും  ഒരു മയില്‍ പീലി യും 
അജ്ഞാത വേടന്റെ അമ്പു ഏറ്റു
പിടഞ്ഞപ്പോള്‍  ശ്വാസം നിറച്ചു
ഞാന്‍ കാത്തു വച്ച വേണു 
 അരികില്‍ നിനക്കായി പാടുന്നുണ്ട് 
നീ വരാതെ എനിക്ക് പോകാനാവില്ല 
വരാതിരിക്കരുത് .... 

നിന്റെ പിന്‍ വിളിക്ക് കാതോര്‍ത്തു 
നീ പുതച്ച പകലിനെ  രാത്രിയില്‍ 
ചേര്‍ത്ത് പിടിച്ചു ഞാന്‍ മധുരയിലേക്ക് 
പോയത് നീ ഓര്‍ക്കുന്നുണ്ടോ 
എന്റെ കണ്ണിലും ഹൃത്ത്തിലും തീ നിറച്ചു തന്നു 
യാത്ര മൊഴി പറയാതെ നീ മറഞ്ഞു നിന്നത് 
എന്റെ കണ്ണിലെ പ്രണയം നോകി 
നീ  അകലെ നിന്ന് ചിരിച്ചത് 

കടലിന്റെ നടുവില്‍ എന്റെ ദ്വാരക 
അലിഞ്ഞു ചേരുന്നത് എനിക്ക് കാണാം 
അകലെ എവിടെയോ എന്റെ പ്രണയത്തെ 
ദുഷിച്ചു പാടുന്ന പാട്ടുകള്‍ കേള്‍ക്കാം 
അപ്പോളും നിന്നെ ഞാന്‍ കാത്തിരിക്കും 
യാദവ വിദൂഷകന്‍ നാളെ ചതിയനാകട്ടെ  
നീ പ്രണയം പനിച്ച പകലിനും രാവിനും 
കൂട്ടിരുന്ന രാധയും 
എങ്കിലും നീ വരാതിരിക്കരുത് 
നീ വരാതെ എനിക്ക് പോകാനാവില്ല