Thursday, February 16, 2012

പകലും രാത്രിയും

രാത്രിയുടെ വേര് പകലില്‍ പുതഞ്ഞു നില്‍ക്കുന്നു
പടം പൊഴിക്കുന്ന പാമ്പിനെ പോലെ
ഇടയ്ക്കിടെ നക്ഷത്രങ്ങളെ  നോക്കി
പറക്കാന്‍ ശ്രമിക്കും
മഴത്തുള്ളികളില്‍ തൂങ്ങി നിന്ന്
നൃത്തം ചവിട്ടും
കാല്‍ ചിലമ്പുകള്‍ ആഞ്ഞു കിലുക്കി
ശബ്ദമുണ്ടാക്കും

ഓരോ തവണയും ഉയര്‍ന്നു പൊങ്ങുന്നത്
ഒരു രക്ഷപെടലാണ്
സ്വപനം കാണിച്ചു തന്നു കൊതിപ്പിച്ച
താരകങ്ങളെ നീല പട്ടു കൊണ്ട്
മൂടി കെട്ടി പച്ചപ്പിനെ കാണിച്ചു
പുഴയെ കാണിച്ചു
ചേര്‍ത്ത് പിടിച്ചു നിര്‍ത്തിയ
പകലില്‍ നിന്നുള്ള ഒളിച്ചോട്ടം

ഓരോ തവണയും നക്ഷത്രങ്ങളെ
ആഞ്ഞു പിടിക്കാന്‍ ശ്രമിച്ചു
ചിന്നി ചിതറി താഴെ വീഴും
വീണ്ടും പകലിന്റെ മാറില്‍ അമര്‍ന്നു
ആരോടും മിണ്ടാതെ ഒളിച്ചിരിക്കും

ഓരോ പകലിലും ഒരു രാത്രി
ഒളിച്ചിരിക്കുന്നുണ്ട്
ചുകന്ന പട്ടുടുത്തു ഒളിച്ചോടാന്‍ വെമ്പുന്ന
ഒരു രാത്രി
ഈ വേര് എങ്ങിനെയാനൊന്നു മുറിച്ചു കളയുക ?
മുറിച്ചു മാറ്റിയ പകലിനെ
നോക്കിച്ചിരിച്ചു നക്ഷത്രങ്ങളെ മാറോടടുക്കി
നില്‍ക്കുന്ന രാത്രിയെ ഞാന്‍ സ്വപ്നം കാണുന്നു !!


Tuesday, February 7, 2012

മരണം

ഇരുട്ട് പുതചെത്തുന്ന മരണത്തെ ഞാന്‍
പ്രണയിക്കുന്നു
ഒച്ചയുണ്ടാക്കാതെ കണ്ണടച്ച് കറുപ്പിച്ച
പകലിനെ കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചു
പുറകെ വന്നു നിന്ന് ഞാന്‍ കാണാതെ
എന്നെ ചുറ്റി പിടിക്കുന്ന മരണം
ഉറങ്ങുന്ന മനസ്സില്‍ വെള്ളാരം കല്ലുകള്‍
പെറുക്കി എറിഞ്ഞു ഓളങ്ങള്‍ നിര്മിക്കുന്നവള്‍
നീ മരണവും ഞാന്‍ ജീവനും ആയിരുന്നു
എന്റെ ജീവനെ ഞാന്‍ നിനക്ക് പകര്‍ന്നു നല്‍കി
ഇപ്പോള്‍ ഞാനും മൃതി മാത്രമാണ്
എന്റെ ഓളങ്ങള്‍ നിലച്ച ജലാശയത്തില്‍
നിന്റെ കവിതകള്‍ പൊതിഞ്ഞു
കടലാസ് വഞ്ചികള്‍ ഒഴുക്കി വിടുക
അത് നിന്റെ പ്രിയതമനിലേക്ക്
ഒഴുകുന്ന പ്രണയ ലെഘനങ്ങലാവട്ടെ
നിനക്ക് ജീവനെ പകര്‍ന്നു
ഞാന്‍ നിന്നിലേക്ക് അഴ്ന്നിറങ്ങുന്നു
ഒച്ചയുണ്ടാക്കാതെ എന്നെ നീ ചേര്‍ത്ത് പിടിക്കുക
നീ കേള്‍ക്കാത്ത എന്റെ ശബ്ദം
ഇന്ന് നിന്നിലേക്ക് ലയിക്കുന്നു
ഞാന്‍ നീയും നീ ഞാനുമായി മാറുന്നു
വീണ്ടും ഒരിക്കല്‍ കൂടി ഇത് വഴി വരിക
നിനക്ക് ജീവന്‍ പകര്‍ന്ന അസ്ഥിമാടതിലേക്ക് ...


Tuesday, January 31, 2012

കൃഷ്ണ വിലാപം

എന്റെ ശരീരം  മുറിച്ചു 
ഒഴുകുന്ന  രക്തത്തില്‍
നിന്റെ പേര് ഞാന്‍ കുരിചിട്ടുണ്ടാകും 
അതിനു നിശഗന്ധിയുടെ ഗന്ധവും 
രാത്രിയുടെ കറുപ്പും കാണും 
മഴ പെയ്യുന്ന രാത്രിയില്‍ 
വെള്ളത്തിലലിഞ്ഞു 
നിന്നിലെക്കൊഴുകിയെത്താന്‍ കൊതിക്കുന്ന ചെമ്പനീര്‍  പൂക്കള്‍ 
നിലത്ത് മുറിഞ്ഞു വീണ ഹൃദയത്തോട് 
നീ അന്ന് യാത്ര പറയുക 
എന്റെ മേല്‍ പുതയ്ക്കാന്‍ ഒരു 
ചെമ്പട്ട് കരുതുക 
കയ്യില്‍   ഒരു പിടി മുല്ലപ്പൂക്കളും 
കാട്ട് ചെമ്പകവും  ഒരു മയില്‍ പീലി യും 
അജ്ഞാത വേടന്റെ അമ്പു ഏറ്റു
പിടഞ്ഞപ്പോള്‍  ശ്വാസം നിറച്ചു
ഞാന്‍ കാത്തു വച്ച വേണു 
 അരികില്‍ നിനക്കായി പാടുന്നുണ്ട് 
നീ വരാതെ എനിക്ക് പോകാനാവില്ല 
വരാതിരിക്കരുത് .... 

നിന്റെ പിന്‍ വിളിക്ക് കാതോര്‍ത്തു 
നീ പുതച്ച പകലിനെ  രാത്രിയില്‍ 
ചേര്‍ത്ത് പിടിച്ചു ഞാന്‍ മധുരയിലേക്ക് 
പോയത് നീ ഓര്‍ക്കുന്നുണ്ടോ 
എന്റെ കണ്ണിലും ഹൃത്ത്തിലും തീ നിറച്ചു തന്നു 
യാത്ര മൊഴി പറയാതെ നീ മറഞ്ഞു നിന്നത് 
എന്റെ കണ്ണിലെ പ്രണയം നോകി 
നീ  അകലെ നിന്ന് ചിരിച്ചത് 

കടലിന്റെ നടുവില്‍ എന്റെ ദ്വാരക 
അലിഞ്ഞു ചേരുന്നത് എനിക്ക് കാണാം 
അകലെ എവിടെയോ എന്റെ പ്രണയത്തെ 
ദുഷിച്ചു പാടുന്ന പാട്ടുകള്‍ കേള്‍ക്കാം 
അപ്പോളും നിന്നെ ഞാന്‍ കാത്തിരിക്കും 
യാദവ വിദൂഷകന്‍ നാളെ ചതിയനാകട്ടെ  
നീ പ്രണയം പനിച്ച പകലിനും രാവിനും 
കൂട്ടിരുന്ന രാധയും 
എങ്കിലും നീ വരാതിരിക്കരുത് 
നീ വരാതെ എനിക്ക് പോകാനാവില്ല 






 



 
 

Monday, January 30, 2012

അച്ഛനും മകളും

ഇത് ഒരു ഓര്‍മയാണ് ഒരു അച്ഛനും മകളും ബാകി വച്ച ഒരു ഓര്മ  .. ഇതിവിടെ എഴുതണം എന്ന് തോന്നി 

എന്റെ മുന്നില്‍ കൈ കൂപ്പി നിന്ന ഒരച്ഛനും മകളും . എന്റെ കൈകളെ കുറെ നേരം ചേര്‍ത്ത് പിടിച്ചു അയാള്‍ ചിരിച്ചു പിന്നെ നന്ദി പറഞ്ഞു. ഏഴോ എട്ടോ വയസു പ്രായം കാണും ആ കുട്ടിക്ക്. അവളുടെ തലയില്‍ പറ്റി ചേര്‍ന്ന് ഒരു മഞ്ഞ നിറമുള്ള തട്ടം. അത് ഒരു പക്ഷെ കാന്‍സര്‍ മുറിച്ചു കളഞ്ഞ അവളുടെ കര്കൂന്തലിനെ മറക്കാന്‍ അവള്‍ തന്നെ ചേര്‍ത്തിട്ട ഒരു മൂട് പടമാകാം.

 കാണാത്ത കേള്‍ക്കാത്ത കുറെ സുഹൃത്തുക്കള്‍ ഒത്തുകൂടുന്നു. ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത് ആദ്യമായാണ്. പ്രലോഭിപിക്കുന്ന ആധുനികത ചുറ്റി വരിഞ്ഞ കോര്പരെടു ജീവിതം ബാകി വച്ചത് ജീവിക്കാന്‍ മറന്ന ഒരു പാട് വര്‍ഷങ്ങള്‍ ആണ് എന്നാ തിരിച്ചറിവും ആദ്യമായാണ്. ആശയങ്ങള്‍ പങ്കു വയ്ക പെടുമ്പോള്‍ അവയ്ക്ക് ഓജസ്സും ശക്തിയും കൈവരുന്നു. അത് നീണ്ടു വളര്‍ന്നു വട വൃക്ഷമായി തണല്‍ നല്‍കുന്നു . അങ്ങനെ ഒരു തണല്‍ മരം ഇവിടെ വളര്‍ന്നു തുടങ്ങിയിരിക്കുന്നു  . ജീവിക്കാന്‍ ആഗ്രഹിച്ചാലും ജീവിക്കാന്‍ കഴിയാതെ പോകുന്ന കുറെ മനുഷ്യര്‍ക്ക്‌ വേണ്ടി ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മറന്നു പോയ ഞാന്‍ ഇവിടെ എത്തി ചേര്‍ന്നത്‌ എങ്ങനെ എന്ന് ആലോചിക്കുമ്പോള്‍ അറിയാതെ ഞാന്‍ വിശ്വസിച്ചു പോകുന്നു എവിടെയോ ഒരു ശക്തി ഉണ്ടെന്നു, നാമറിയാതെ നമ്മളെ നയിക്കുന്ന ഒരാള്‍ 

സോഷ്യല്‍ നെട്വോര്‍കിംഗ് സൈറ്റുകളില്‍ മുഖമോളിപ്പിച്ചു പ്രവാസത്തിന്റെ വിരസത കുഴിച്ചു മൂടിയപ്പോള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇത് പോലെ ഒന്ന് സംഭവിക്കും എന്ന് . ആ അച്ഛനെയും മകളെയും കാണുന്നത് പരിപാടി എല്ലാം കഴിഞ്ഞാണ്. അവളുടെ കണ്ണുകളില്‍ കൌതുകം നിറഞ്ഞു നിന്നിരുന്നു. "കൊച്ചിയില്‍ നിന്നാണല്ലേ" അച്ഛന്‍ ചോദിച്ചു . ഒരു ചിരി മുഖത്ത് ചേര്‍ത്ത് പിടിപ്പിച്ചു ഞാന്‍ അതെ എന്ന് തലയാട്ടി. "ഞങ്ങളും കൊച്ചി ക്കാരാ " ആ കുഞ്ഞു മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി ഇന്നും മനസ്സില്‍ നിന്ന് മായുന്നില്ല.   ആ നിമിഷം എനിക്ക് മറക്കാന്‍ കഴിയുന്നില്ല. ആ ചിരി ഇന്നും എന്റെ മുന്നില്‍ ഉണ്ട്.. 

ഓരോ ചെറിയാ കാര്യത്തിനും എന്നോട് എന്തിനു ഇങ്ങനെ ചെയ്തു എന്ന് ഈശ്വരനെ കുറ്റ പെടുത്താരുണ്ട് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ നാളെ ജീവിച്ചിരിക്കുമോ എന്നറിയാതെ ജീവിക്കുന്ന, ഈശ്വരന്‍ വഴിയരികില്‍ കാത്തു വയ്ക്കുന്ന ചുമടിന്റെന്റെ ഭാരം താങ്ങാനാകാതെ വീണു പോകുന്ന ഇത് പോലെ എത്ര പേര്‍.....,.. കണ്ടിട്ടും കാണാതെ നടക്കാന്‍ നമ്മള്‍ ഓരോരുത്തരും ഓരോ നിമിഷവും ശീലിച്ചു കൊണ്ടിരിക്കുകയാണ് ,.. വഴി മാറി നടക്കുന്നവനെ നമ്മള്‍ പരിഹസിക്കും അവനു ഭ്രാന്താണ് എന്ന് പറഞ്ഞു ആള്‍ക്കൂട്ടത്തില്‍ അവനെ നോക്കി ചിരിക്കും. അതിനു ശേഷം പുതിയതായി ഇറങ്ങിയ മോസ്റ്റ്‌ മോഡേണ്‍ മൊബൈല്‍ ഫോണിനെ കുറിച്ചോ ഇന്ന് പോകേണ്ട പബ്ബില്‍ കാനാനിടയുള്ള തരുണീ മണികളെ കുറിച്ചോ അതുമല്ലെങ്കില്‍ സിനിമ നടിമാരുടെ പുതിയ പ്രണയത്തെ കുറിച്ചോ സമസാരിക്കും . 

ഹൃദയം സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഞാന്‍ കണ്ടു ആ കുട്ടി യില്‍ അവളുടെ അച്ഛനില്‍ അത് പോലെ അവിടെ കൂടി നിന്ന ഒരുപാട് പേരില്‍. അവരുടെ മൌനത്തില്‍ ഒളിച്ചിരിക്കുന്ന വാചാലത, അത് മനസ്സില്‍ നിറച്ചു തരുന്ന പേരറിയാത്ത എന്തൊക്കെയോ വിചാര വികാരങ്ങള്‍. ,.. അതറിയണമെങ്കില്‍ അത് കണ്ടു അനുഭവിച്ചു  തന്നെ അറിയണം വാക്കുകളില്ലതെയും ചിലപ്പോള്‍ സംസാരിക്കാന്‍ കഴിയുമായിരിക്കും... 





  

Tuesday, January 24, 2012

സന്ധ്യ

നിണം ഉറഞ്ഞോഴുകുന്ന മുറിവുകള്‍ കീറി നീ
അകലെ മരഞ്ഞെന്കിലും സന്ധ്യേ

നീ തന്ന ചെമ്പട്ട് മൂടി പ്പുതച്ചു കൊണ്ടീ
സൂര്യന്‍ആഴിയില്‍ മുങ്ങട്ടെ
വീണ്ടും ഉദിക്കാതെ ഇന്നെന്റെ താപങ്ങള്‍
ജലധിയില്‍ വീണു മറയട്ടെ


അറിയുക നീ വീണ്ടും ഇരുളിന്റെ
പടിവാതില്‍ താണ്ടി തിരിചെത്തുമിവിടെ
അന്ന് നിന്‍ ഹൃദയത്തില്‍ കുങ്കുമ പ്പൂവുകള്‍
ചാലിച്ച യെന്‍ ഓര്മ മാത്രം
കൂടെയുണ്ടാവട്ടെ നിന്റെയീ മിഴിയില്‍
നിന്നുതിരുന്ന കണ്ണു നീരോപ്പാന്‍

അന്നുനിന്‍ കണ്ണുകള്‍ വീണ്ടും തിരഞ്ഞിടും
ഉയരാത്തോരര്‍ക്കനെ തേടി
നിന്‍ കവിള്‍പ്പൂക്കളില്‍ ചെന്നിറം
ചേര്‍ക്കുന്ന എന്റെ യീ മൌനവും തേടി
എന്‍ ചിത എരിചോരീ മണ്ണില്‍ നീ ചേര്‍ക്കുക
നിന്‍ നെഞ്ചില്‍ എരിയുന്നോരഗ്നി
നിലാവറ്റ് രാവിലും വെയിലട്ട പകലിലും
കൂട്ടായി നില്‍ക്കുന്നോരഗ്നി ....